Saturday, August 4, 2007

ഒരു മുന്നറിയിപ്പ്-എന്റെ ഒരു അടുത്ത കൂട്ടുകാരന്‍.( പേരിന്റെ ആവശ്യമില്ലല്ലോ)താമസം അജ്മാന്‍ കെമ്പിന്‍സ്കിയുടെ എതിര്‍വശത്ത്.ജോലി ദേരയില്‍ സലാഹുദ്ദീന്‍ സ്ട്രീറ്റിന്നടുത്ത്.

മകള്‍ KLM ന്റെ ദുബായ് ഓഫീസില്‍.

കഴിഞ്ഞയാഴ്ച്ച:

കാലത്ത് ദുബാ‍യിലോട്ട് പതിവുപോലെ യാത്രയാകുന്നു അച്ഛനും മകളും.നേരം വൈകിയതിനാല്‍, പതിവ് റൂട്ട് വിട്ട് നേരേ ഷാര്‍ജാ എയര്‍പോര്‍ട്ട് റോഡിലൂടെ കാര്‍ മുന്നോട്ട്. ദുബായ്ക്ക് തിരിയുന്ന നാഷണല്‍ പെയിന്റ് ടേണിംഗ് മിസ്സാകുന്നു. അപ്പോള്‍ മകള്‍ പറയുന്നൂ: “ഡാഡാ, അമേരിക്കന്‍ യൂണിവേഴ്സി‍സിറ്റിക്കുള്ളിലൂടെ കടന്നാല്‍ മതി, ആ വഴി എനിക്കറിയാം, ഞാന്‍ പഠിച്ച കോളേജല്ലേ?“

“വേണ്ടാ“, ഡാഡി സ്റ്റബേ‍ണ്‍!

തൊട്ടടുത്ത കണ്ട വഴിയിലൂടെ വലത്തോട്ട് തിരിച്ചൂ, ഡാഡ്. അതാ മുന്നില്‍ മണല്‍ നിറഞ്ഞ ഒരു പാച്ച് റോഡ്.അതു കടന്നാല്‍ മതി, പിന്നെ ദുബായ് റോഡായി.

“ഡാഡാ, അത് വേണോ?“

“ഓ, നമ്മുടേത് 4 വീലറല്ലേ, ഇതൊക്കെ വെറും തൃണം!“

“ഡാഡാ, നേരെയെടുക്കണേ, സ്റ്റീയറിംഗ് തിരിയാതെ നോക്കണേ.“

പക്ഷേ ഡാഡ് ഈസ് ഡാഡ്, ആഫ്ടെറോള്‍, അല്ലേ?

സ്റ്റീയറിംഗ് തിരിഞ്ഞു, വണ്ടി മണലില്‍ താണു.ഡാഡ് കുറെ നേരം സ്റ്റീയറിംഗില്‍ തല വച്ച് ചാരിക്കിടന്നു.പിന്നെ വണ്ടിയില്‍ നിന്നിറങ്ങി കുറേശ്ശെയായി പിന്നിലെ ടയറിന്റെയരികെ നിന്നു മണല്‍ നീക്കാന്‍ തുടങ്ങി.

“ഡാഡാ, ഈ നിലക്ക് വൈകുമ്പോഴേക്കുമേ നാം ഇവിടെ നിന്ന് നീങ്ങൂ. ലഞ്ച് ബോക്സിലെ ഉച്ച ഭക്ഷണം തിന്ന് തുടങ്ങിയാലോ? അല്പം സ്റ്റാമിന കിട്ടില്ലേ?“

ഡാഡിന് കോപം വന്നുതുടങ്ങി. ഭാഗ്യത്തിന് അപ്പോള്‍ ഒരു വയോവൃദ്ധന്‍ അറബി തന്റെ ലാന്‍ഡ് ക്രൂസറില്‍ ആ വഴി വന്നു. സലാം നമസ്തേകള്‍ക്ക് ശേഷം അറബി തന്റെ വണ്ടിയില്‍ നിന്ന് ഒര് കയറെടുത്ത് കെട്ടി ഹോണ്ടാ സിവിക് CRV‍ വലിച്ച് തുടങ്ങി. അപ്പോഴതാ .....

“ടര്‍ ...ര്‍ ര്‍...ടപ്!“

-കയര്‍ പൊട്ടി.

ശ്രമം പുനരാരംഭിക്കാന്‍ തുടങ്ങുമ്പോള്‍ എവിടെനിന്നില്ലാതെ അതാ വരുന്നു, രണ്ട് കാട്ടറബികള്‍ ഒരു പഴയ ഡാറ്റ്സന്‍ കാറില്‍. (അഫ്ഘാന്‍ - ബദ്ദു മിക്സ് എന്നാണവള്‍ അവരെ വിശേഷിപ്പിച്ചത്)

അറബിയില്‍ സ്നേഹത്തിലോ അല്ലാതേയോ (ആര്‍ക്കറിയാം അവര്‍ I love you എന്നു പറയുകയാണൊ I f**k you എന്ന് പറയുകയാണൊ എന്ന്) എന്തൊക്കേയോ പറഞ്ഞ് കാര്‍ണോരെ അവര്‍ വേഗം തന്നെ പറഞ്ഞ് വിട്ടു. പിന്നെ, without any introduction, ഡിക്കി തുറന്ന് ഓപറേഷന്‍ ‘കെട്ടിവലി”യുടെ ഐറ്റംസ് പുറത്തെടുത്തു. പ്ലാസ്റ്റിക് റോപ്സ്, ഹുക്ക്‌സ്, മറ്റുപകരണങ്ങള്‍ എല്ലാം റെഡി!

ഒരാള്‍‍ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കേറി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. മറ്റേയാള്‍‍ ഡാറ്റ്സണ്‍ കാറിലും. അതിന്നിടെ ഒന്ന് കൈപിടിച്ച് കുലുക്കി ആതിഥ്യ മര്യാദ പ്രകടിപ്പിക്കാനും സമയം കണ്ടെത്തീ, അവര്‍.

“ഓ, യു ഡാട്ടര്‍ റ്റു ഹിം. നോ, വൈഫ്....മെ ബി വൈഫ്, മെ ബി ഡാട്ടര്‍”എന്നൊക്കെ പറഞ്ഞ് വഷളായ ഒരു ചിരിയും.

മോള്‍ പേടിച്ച് വിറക്കാന്‍ തുടങ്ങി.“ഡാഡാ ബി കേര്‍ഫുള്‍’ അവള്‍ വിളിച്ച് പറഞ്ഞു.

ഒരു മണിക്കൂറിലധികം തുടര്‍ന്ന കെട്ടിവലിക്കല്‍ നാടകമായിരുന്നു, പിന്നെ. കാര്‍ ഒരു വിധം മെയിന്‍ റോഡിന്നടുത്തെത്താറായി. അപ്പോള്‍ ഡാറ്റ്സന്‍ ഓടിച്ചിരുന്ന താടിക്കാരന്‍ കാട്ടറബി വന്ന് പറഞ്ഞു:

“റഫീക്ക്, ഇതാ നോക്കൂ, എന്റെ വണ്ടിയുടെ കണ്ടീഷന്‍ ഒന്ന് നോക്ക്...എല്ലാം പൊടി നിറഞ്ഞു, അപ് ഹോള്‍സ്റ്ററിയാകെ ചളിയായി, കാര്‍ബറെറ്റര്‍ ലീക്കായി, ബ്രേക്ക് പോയി- എല്ലാം കൂടി ഒരു വല്യ തുകയാകും. എല്ലാം നിന്റെ വണ്ടി കാരണം! കാശെത്രയുണ്ട് കൈയില്‍?“

25 കൊല്ലത്തെ ഗള്‍ഫ് എക്സ്പീരിയന്‍സ് കൈയിലിരുന്നിട്ടും ഡാഡാ സ്വയം ‘ഷേക്കാ‘കാന്‍ തുടങ്ങി.“കൈയില്‍ പണമൊന്നുമില്ല, ക്രെഡിറ്റ് കാര്‍ഡ് മാത്രം.“ ഒരുവിധം പറഞ്ഞൊപ്പിച്ചു.

“അപ്പോള്‍ ബീബിയുടെ കൈയിലോ?’

“അവളുടെ കൈയിലും കാര്‍ഡാണ്.“

“എന്നാല്‍ വാ‍, ഞങ്ങടെ കൂടെ. അടുത്ത പമ്പില്‍ ATM ഉണ്ടാവും. അവിടെനിന്നെടുത്ത് തന്നാല്‍ മതി”ജനവാസമുള്ള സ്ഥലത്തെത്താമല്ലോ, എന്നിട്ട് നോക്കാം എന്തു വേണമെന്ന് എന്നു വിചാരിച്ച് ഡാഡാ സമ്മതിച്ചു.

മോള്‍ അപ്പോഴും പറഞ്ഞു: “ഡാഡാ, പോലിസിനെ വിളി. ഇവര്‍ നമ്മെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നോക്കുകയാ”

ഡാഡാ പറഞ്ഞു: “മോളേ, ഷാര്‍ജാ പോലീസല്ലേ, ഒരു കാര്യവുമുണ്ടാവില്ല. അവര്‍ ബദ്ദുക്കളുടെ കൂടേയേ നില്‍ക്കൂ”

എന്തിനേറെ പറയുന്നു: പെട്രോള്‍ അടിച്ച് കൊടുത്ത വക: 134 ദിര്‍ഹം

പെപ്സി, സാന്‍ഡ് വിച്ച് - 18

ക്യാഷ് - 150

അതിനിടെ ഒന്നു ടെലഫോണ്‍ ചെയ്യണമെന്ന് പറഞ്ഞ് വാങ്ങിയ മൊബൈലില്‍ നിന്നും ക്രെഡിറ്റ് ആരുടേയോ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫെര്‍ ചെയ്ത്തത് 70

മൊത്തം ചിലവ്: 372

ടൈം വേസ്റ്റ്: 2മണിക്കൂര്‍, 25 മിനിറ്റ്.

പേടി, ഉത്ക്കണ്ഠ, ഉദ്വേഗം, സങ്കടം, പരവേശം, നിരാശ എന്നിവ FOC

-ഇതവരുടെ സ്ഥിരം പണിയാണെന്നത്രേ പിന്നീടുള്ള അന്വേഷണത്തില്‍ മനസ്സിലായത്. മണല്‍ നിറഞ്ഞ കുറെയേറെ ഗാപ് റോഡുകള്‍ ഷാര്‍ജയിലുണ്ട്, അതിലേയൊക്കെ ഇവര്‍ കറങ്ങിക്കൊണ്ടിരിക്കും. ഒരാളെ ഒത്ത് കിട്ടിയാല്‍ അന്നു കുശാല്‍!

-ഭാഗ്യത്തിന്ന് ശരീരത്തിനും മനസ്സിനും പറയത്തക്ക ക്ഷതങ്ങളോന്നും ഏല്‍ക്കാതെ തങ്ങള്‍ രക്ഷപ്പെട്ടല്ലോ എന്നു മകള്‍ ആശ്വസിക്കുന്നു.

ഒരു സംഭവം കൂടി:

സ്ഥലം: പഴയ ദുബായ് സിനിമയുടെ മുന്‍പില്‍ ജഷന്മല്‍ ഷോറൂം സ്ഥിതി ചെയ്തിരുന്ന ഏരിയ.

സമയം: ഉച്ചക്ക് 3 മണി.

പരിസരം: വിജനം.

എന്റെയൊരു കൂട്ടുകാരന്റെ ഓഫീസിലെ സ്റ്റാഫ് അതുവഴി നടന്നു വരുന്നു.പിന്നിലൂടെ ഒരു കാര്‍ ശബ്ദമില്ലാതെ അടുത്ത് വന്ന് ബ്രേക്കിടുന്നു.

“ഭായിജാന്‍, അബുധാബി ജാനെ കാ രസ്താ കിഥര്‍ ?”

“ദാ, ഈ റോഡ് തന്നെ.നേരെ കേറി സിഗ്നല്‍ കഴിഞ്ഞാ പിന്നെ സീധാ..’

“ഭായിജാന്‍, പെട്രോള്‍ തീര്‍ന്നൂ, ഒര് പത്ത് രൂപാ തരുമോ?”

കൈയില്‍ പൈസായൊന്നുമില്ലെന്നായി നമ്മുടെ നായകന്‍.

അപ്പോള്‍ അയാള്‍ സമീപനം മാറ്റി:“ദേഖോ ഭായി, ഞങ്ങള്‍ ആംനസ്റ്റിയില്‍ നാട്ടീ പോകാന്‍ വന്നവരാ. ഒരു ടിക്കറ്റെടുക്കാന്‍ എന്തെങ്കിലും ഒരു സഹായം......”

അപ്പോഴാണു വണ്ടിയില്‍ ഇനിയും മൂന്നുപേര്‍ കൂടി ഉള്ളതായി നമ്മുടെ നായകന്‍ കാണുന്നത്. മൂവരും ഉറങ്ങുന്ന പോല്വെ നടിച്ച് കണ്ണടച്ച് ചാരിക്കിടക്കുകയായിരുന്നത്രേ!

താന്‍ അവിടെ നില്‍ക്കയോ പഴ്സെടുക്കാന്‍ തുടങ്ങുകയോ ചെയ്തിരുന്നെങ്കില്‍ എല്ലാരും കൂടി ചാടി വീഴുമായിരുന്നെന്നും കൈയിള്ളതെല്ലാം കവര്‍ന്നെടുക്കുമായിരുന്നെന്നുമാണ് അയാളുടെ ഭാഷ്യം!

ഇനി:

കഴിഞ്ഞ മാസം നടന്ന, ന്യൂസ് പേപ്പറുകളില്‍ വന്ന, ഒരു സംഭവമുമാ‍യിക്കൂടി ചേര്‍ത്ത് ഇതിനെയെല്ലാം കാണുക.ഒരാള്‍ (എന്റെ മകന്റെ കൂട്ടുകാരന്റെ പപ്പായാണ് കക്ഷി) ബാങ്കില്‍ നിന്ന് പൈസയെടുത്ത് കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വിന്‍ഡോക്കരികെ വന്ന് ഒരാള്‍ പറയുന്നു: “ പിന്നിലെ ടയര്‍ പഞ്ചര്‍..”

കാറില്‍ നിന്നിറങ്ങി നോക്കുമ്പോഴേക്കും മറ്റൊരാ‍ള്‍ സീറ്റില്‍ വച്ച പൈസയുമായി ഓടുന്നു. ഭാഗ്യത്തിന് നല്ലൊരു ‘ചേസി’ന് ശേഷം നാട്ടുകാരുടെ സഹായത്തോടെ കള്ളനെ പിടികൂടി.

‘പപ്പാക്കിപ്പോഴും നല്ല സ്റ്റാമിനായാ...ഞാനാണെങ്കി പൈസ പോയത് തന്നെ” എന്ന് മകന്‍!

കൂട്ടരേ, എന്താണിവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്? മനസ്സിലാകുന്നില്ല!

ഒന്ന് മാത്രം പറയാം: അല്പം ശ്രദ്ധയോടെയൊക്കെ ജീവിക്കാന്‍ പഠിക്കുക.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ!

4 comments:

kaithamullu : കൈതമുള്ള് said...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ!

കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരന്റെ മകള്‍ പറഞ്ഞ സംഭവം. ഇവിടെ ജനിച്ച് വളര്‍ന്ന കുട്ടിയായിരുന്നിട്ടുകൂടി ഇത് വിവരിക്കുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, അവള്‍. അവളുടെ ഡാഡിയോ: 25 കൊല്ലങ്ങള്‍ യുയേയിയില്‍ പൂര്‍ത്തിയാക്കിയ ‘വെറ്ററന്‍!’
-എന്നിട്ടും.....

സാല്‍ജോҐsaljo said...

പേടിപ്പിക്കല്ലേ :(

kaithamullu : കൈതമുള്ള് said...

സാല്‍ജോ,

പേടിപ്പിക്കാനായിരുന്നില്ലാ, പ്രത്യുത ഈയിടെയായി ഇവിടെ പെരുകിവരുന്ന അക്രമങ്ങളെപ്പറ്റി ഒന്നോര്‍‍മ്മിപ്പിക്കാനായിരുന്നു എന്റെ ശ്രമം.

നഗരം വളരുന്നൂ.....

ഗീതാഗീതികള്‍ said...

ഇന്‍ഡ്യയിലാണ് ഇതൊക്കെ നടക്കുക എന്നായിരുന്നു ധരിച്ചിരുന്നത്.