Monday, June 9, 2008

(ഫാദര്‍) കുഴൂര്‍ വിത്സന്‍

‘മേരി പ്രസവിച്ചു.’‘
‘ഇന്നലെ വൈകീട്ട് 6.08 ന്.‘
‘സിസേറിയനായിരുന്നു.’
‘അമ്മയും കുഞ്ഞും സുഖായിരിക്കുന്നു.’

-ഇന്ന് വെളുപ്പിന് വന്ന ടെലിഫോണ്‍. ശ്രീ കുഴൂര്‍ വിത്സന്റെ അഹ്ലാദത്തില്‍ പൊതിഞ്ഞ സ്വരം.

‘എന്നിട്ടും പറഞ്ഞില്ലല്ലോ വിത്സാ, നീ അപ്പനോ അതോ അമ്മയോ ആയതെന്ന്?’
വളരെ പഴയ ഒരു വളിപ്പായിരുന്നിട്ടും, വിത്സന്‍ പൊട്ടിച്ചിരിച്ചു.
“അപ്പന്‍ ...ഓ, അല്ല അമ്മ! പെണ്‍കുഞ്ഞാ...”


മകം പിറന്ന മങ്കക്കും അവളുടെ അപ്പനമ്മമാര്‍ക്കും എല്ലാ വിധ ആയുരാരോഗ്യ സമ്പത് സമൃദ്ധികള്‍ നേരുന്നു.

Wednesday, March 5, 2008

ഇന്ന് കാലത്ത്.....

വൈകുന്നേരങ്ങളില്‍ പതിവായുള്ള നടത്തത്തിനു തൈയാറെടുക്കുമ്പോഴാണവര്‍ കയറി വന്നത്‌.
- സൌന്ദര്യവും കുലീനത്വവുമുള്ള ഒരു സ്ത്രീയും രണ്ട്‌ കുട്ടികളും.


"ഹലൊ മാളവിക“: മോനും മോളും കൂടി മൂത്ത കുട്ടിയെ ഹൈജാക്ക് ചെയ്ത് അവരുടെ മുറിയിലേക്ക് പറന്നു; പുതിയ കമ്പ്യൂട്ടര്‍ ഗെയിം കാണിച്ച്‌ കൊടുക്കാനുള്ള ധൃതി!


"മനുവെവിടെ?" ഇളയ കുട്ടിയെ വാങ്ങി സോഫയില്‍ കിടത്തുമ്പോള്‍ എന്റെ വാമഭാഗത്തിന്റെ സ്നേഹം കലര്‍ന്ന അന്വേഷണം.
"മഞ്ചേട്ടന്‍ വണ്ടി പാര്‍ക്ക്‌ ചെയ്യുകയായിരിക്കും": മിസ്സിസ്‌ ജീ.മനു മൊഴിഞ്ഞു.


-ഒരു ചപ്പടാച്ചി സ്കൂട്ടര്‍ പാര്‍ക്ക്‌ ചെയ്യാന്‍ ഇത് വരെ സ്ഥലം കിട്ടിയില്ലെന്നോ എന്ന് മനസ്സിലോര്‍ത്തു, ഞാന്‍.


“വല്ല പഴയ പരിചയക്കാരിയേയും കണ്ടപ്പോള്‍ കവിതയും പാടി പിന്നാലെ കൂടിക്കാണും!“ :ഭാര്യ തന്റെ ബ്ലോഗ് വിജ്ഞാ‍നം വിളമ്പാന്‍ സമയം കണ്ടെത്തി.

“അല്ല, മോള്‍ടെ പനി മാറിയില്ലേ?“: ഇളയ കുഞ്ഞിന്റെ നെറ്റിയില്‍ കൈവച്ച്‌ കൊണ്ട്‌ ചോദിച്ചു, ഞാന്‍.

"അത്‌ വന്നും പോയും ഇരിക്കും. ചിലപ്പോ രാത്രിയില്‍ നന്നായി പനിക്കും. നേരം വെളുത്ത്‌ നോക്കുമ്പൊ ഒന്നുമില്ല"

"അങ്ങനെ വച്ച്‌ കൊണ്ടിരിക്കരുത്. ഏത്‌ ഡോക്റ്ററേയാ കാണിക്കുന്നേ? നമുക്ക്‌ റഫയിലെ ഡോ.സയ്യെദിന്റെ അരികെ കൊണ്ട്‌ പോയാലോ? എന്റെ പഴേ ഒരു ഫ്രണ്ടാ“

“അതിനു മഞ്ചേട്ടനെ ഒഴിവായി ഒന്ന് കിട്ടണ്ടേ? ബ്ലോഗിനും ഫോണ്‍ കോളുകള്‍ക്കുമിടയില്‍ ഇടവേളകള്‍ വിരളം!"


കോളിംഗ്‌ ബെല്ലടിടിക്കുന്നത് കേട്ടപ്പോള്‍ ഭാര്യ കുഞ്ഞിനേയും മിസ്സിസ്‌ മനുവിനേയും കുട്ടി ബെഡ്‌ റൂമിലേക്ക്‌ നടന്നു.


- വാതില്‍ തുറന്നപ്പോള്‍ മനുവിനുപകരം മുന്നില്‍ മൂന്ന് തടിമാടന്മാര്‍.
ഒരാളെ ഞാന്‍ തിരിച്ചറിഞ്ഞു: വല്യമ്മാന്റെ മോന്‍ കള്ള്‌ ഗോപി. മറ്റേത്‌ സഹകുടിയന്മാരാകും; കപ്പടാ മീശയും തലേക്കെട്ടും ഉപ്പന്റെ കണ്ണുകളും.


പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയത്‌. ഞാന്‍ നില്‍ക്കുന്നത്‌ ദുബായിലുള്ള എന്റെ ഫ്ലാറ്റിലല്ലാ, കൊടുങ്ങല്ലൂരുള്ള അമ്മ വീടിന്റെ ഗേറ്റിനു സമീപം. ഓട്‌ മേഞ്ഞ വലിയ നാലുകെട്ട് പിന്നില്‍. പേടിച്ചരണ്ട അമ്മായിയും മക്കളും നടപ്പുരയുടെ കല്‍ത്തൂണ്‍ മറഞ്ഞ്.


"മോനേ, അവനോട്‌ സംസാരിക്കാന്‍ നില്‍ക്കാണ്ട് ഇങ്ങ്‌ പോരേ": അമ്മായി വിളിച്ച്‌ പറഞ്ഞു.


തറവാട്‌ വീതം വച്ച്‌ വാങ്ങി വിറ്റ്, ആ കാശ് മുഴുവനും കള്ള്‌ കുടിച്ച്‌ തീര്‍ത്ത ശേഷം വീണ്ടും വഴക്കുണ്ടാക്കാന്‍ വന്നിരിക്കയാ ഗോപിയേട്ടന്‍.

"ഞങ്ങളീ കളപ്പുരയില്‍ താമസിക്കാന്‍ പോവുകയാന്ന് പറഞ്ഞേക്ക്‌ നിന്റെ അമ്മാവനോട്‌‘’: ഗോപിയേട്ടന്‍ മുന്നോട്ട്‌ നീങ്ങി.

“പറ്റില്ല", രണ്ട്‌ കൈയും വിടര്‍ത്തി അവരുടെ വഴി തടഞ്ഞുകൊണ്ട് ഞാനും മുന്നോട്ട് നടന്നു.


പെട്ടെന്ന് കൈയിലിരുന്ന മദ്യക്കുപ്പിയുയര്‍ത്തി എന്റെ തല ലക്ഷ്‌യമാക്കി ആഞ്ഞ് വീശി, ഗോപിയേട്ടന്‍.

“അയ്യോ...”

"ആരാദ്യം പറയും,
ആരാദ്യം പറയും,
പറയാതിനി വയ്യാ,
പറയാനും വയ്യാ....'


ആരോ ഉറക്കെ പാടുന്നൂ.
എവിടെയാണ് ഞാന്‍?
ബദ്ധപ്പെട്ട്‌ കണ്ണുകള്‍ തുറന്നു.

-ഞാനിവിടെ എന്റെ കിടക്കയിലല്ലേ?
അപ്പോള്‍ പാട്ട്.......
എഫ്ഫെം റേഡിയോയില്‍ അലാറം ഓണാ‍യതായിരുന്നു.
സമയം 8 എ.എം.

കിടക്കയില്‍ തപ്പി; ഭാര്യ എപ്പോഴൊ എണീറ്റിരിക്കുന്നു.
അടുക്കളയില്‍ തട്ടും മുട്ടും കേള്‍ക്കാം.

ഇനി പല്ല് തേപ്പ്‌, കുളി, ബാത്ത്‌ റൂമില്‍ വിസ്തരിച്ചിരുന്നുള്ള പത്രവായന....

- 10 മണിക്ക്‌ ഇന്നും ഓഫീസിലെത്താനാവില്ലല്ലോ, ദൈവമേ!

Saturday, August 4, 2007

ഒരു മുന്നറിയിപ്പ്



-എന്റെ ഒരു അടുത്ത കൂട്ടുകാരന്‍.( പേരിന്റെ ആവശ്യമില്ലല്ലോ)താമസം അജ്മാന്‍ കെമ്പിന്‍സ്കിയുടെ എതിര്‍വശത്ത്.ജോലി ദേരയില്‍ സലാഹുദ്ദീന്‍ സ്ട്രീറ്റിന്നടുത്ത്.

മകള്‍ KLM ന്റെ ദുബായ് ഓഫീസില്‍.

കഴിഞ്ഞയാഴ്ച്ച:

കാലത്ത് ദുബാ‍യിലോട്ട് പതിവുപോലെ യാത്രയാകുന്നു അച്ഛനും മകളും.നേരം വൈകിയതിനാല്‍, പതിവ് റൂട്ട് വിട്ട് നേരേ ഷാര്‍ജാ എയര്‍പോര്‍ട്ട് റോഡിലൂടെ കാര്‍ മുന്നോട്ട്. ദുബായ്ക്ക് തിരിയുന്ന നാഷണല്‍ പെയിന്റ് ടേണിംഗ് മിസ്സാകുന്നു. അപ്പോള്‍ മകള്‍ പറയുന്നൂ: “ഡാഡാ, അമേരിക്കന്‍ യൂണിവേഴ്സി‍സിറ്റിക്കുള്ളിലൂടെ കടന്നാല്‍ മതി, ആ വഴി എനിക്കറിയാം, ഞാന്‍ പഠിച്ച കോളേജല്ലേ?“

“വേണ്ടാ“, ഡാഡി സ്റ്റബേ‍ണ്‍!

തൊട്ടടുത്ത കണ്ട വഴിയിലൂടെ വലത്തോട്ട് തിരിച്ചൂ, ഡാഡ്. അതാ മുന്നില്‍ മണല്‍ നിറഞ്ഞ ഒരു പാച്ച് റോഡ്.അതു കടന്നാല്‍ മതി, പിന്നെ ദുബായ് റോഡായി.

“ഡാഡാ, അത് വേണോ?“

“ഓ, നമ്മുടേത് 4 വീലറല്ലേ, ഇതൊക്കെ വെറും തൃണം!“

“ഡാഡാ, നേരെയെടുക്കണേ, സ്റ്റീയറിംഗ് തിരിയാതെ നോക്കണേ.“

പക്ഷേ ഡാഡ് ഈസ് ഡാഡ്, ആഫ്ടെറോള്‍, അല്ലേ?

സ്റ്റീയറിംഗ് തിരിഞ്ഞു, വണ്ടി മണലില്‍ താണു.ഡാഡ് കുറെ നേരം സ്റ്റീയറിംഗില്‍ തല വച്ച് ചാരിക്കിടന്നു.പിന്നെ വണ്ടിയില്‍ നിന്നിറങ്ങി കുറേശ്ശെയായി പിന്നിലെ ടയറിന്റെയരികെ നിന്നു മണല്‍ നീക്കാന്‍ തുടങ്ങി.

“ഡാഡാ, ഈ നിലക്ക് വൈകുമ്പോഴേക്കുമേ നാം ഇവിടെ നിന്ന് നീങ്ങൂ. ലഞ്ച് ബോക്സിലെ ഉച്ച ഭക്ഷണം തിന്ന് തുടങ്ങിയാലോ? അല്പം സ്റ്റാമിന കിട്ടില്ലേ?“

ഡാഡിന് കോപം വന്നുതുടങ്ങി. ഭാഗ്യത്തിന് അപ്പോള്‍ ഒരു വയോവൃദ്ധന്‍ അറബി തന്റെ ലാന്‍ഡ് ക്രൂസറില്‍ ആ വഴി വന്നു. സലാം നമസ്തേകള്‍ക്ക് ശേഷം അറബി തന്റെ വണ്ടിയില്‍ നിന്ന് ഒര് കയറെടുത്ത് കെട്ടി ഹോണ്ടാ സിവിക് CRV‍ വലിച്ച് തുടങ്ങി. അപ്പോഴതാ .....

“ടര്‍ ...ര്‍ ര്‍...ടപ്!“

-കയര്‍ പൊട്ടി.

ശ്രമം പുനരാരംഭിക്കാന്‍ തുടങ്ങുമ്പോള്‍ എവിടെനിന്നില്ലാതെ അതാ വരുന്നു, രണ്ട് കാട്ടറബികള്‍ ഒരു പഴയ ഡാറ്റ്സന്‍ കാറില്‍. (അഫ്ഘാന്‍ - ബദ്ദു മിക്സ് എന്നാണവള്‍ അവരെ വിശേഷിപ്പിച്ചത്)

അറബിയില്‍ സ്നേഹത്തിലോ അല്ലാതേയോ (ആര്‍ക്കറിയാം അവര്‍ I love you എന്നു പറയുകയാണൊ I f**k you എന്ന് പറയുകയാണൊ എന്ന്) എന്തൊക്കേയോ പറഞ്ഞ് കാര്‍ണോരെ അവര്‍ വേഗം തന്നെ പറഞ്ഞ് വിട്ടു. പിന്നെ, without any introduction, ഡിക്കി തുറന്ന് ഓപറേഷന്‍ ‘കെട്ടിവലി”യുടെ ഐറ്റംസ് പുറത്തെടുത്തു. പ്ലാസ്റ്റിക് റോപ്സ്, ഹുക്ക്‌സ്, മറ്റുപകരണങ്ങള്‍ എല്ലാം റെഡി!

ഒരാള്‍‍ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കേറി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. മറ്റേയാള്‍‍ ഡാറ്റ്സണ്‍ കാറിലും. അതിന്നിടെ ഒന്ന് കൈപിടിച്ച് കുലുക്കി ആതിഥ്യ മര്യാദ പ്രകടിപ്പിക്കാനും സമയം കണ്ടെത്തീ, അവര്‍.

“ഓ, യു ഡാട്ടര്‍ റ്റു ഹിം. നോ, വൈഫ്....മെ ബി വൈഫ്, മെ ബി ഡാട്ടര്‍”എന്നൊക്കെ പറഞ്ഞ് വഷളായ ഒരു ചിരിയും.

മോള്‍ പേടിച്ച് വിറക്കാന്‍ തുടങ്ങി.“ഡാഡാ ബി കേര്‍ഫുള്‍’ അവള്‍ വിളിച്ച് പറഞ്ഞു.

ഒരു മണിക്കൂറിലധികം തുടര്‍ന്ന കെട്ടിവലിക്കല്‍ നാടകമായിരുന്നു, പിന്നെ. കാര്‍ ഒരു വിധം മെയിന്‍ റോഡിന്നടുത്തെത്താറായി. അപ്പോള്‍ ഡാറ്റ്സന്‍ ഓടിച്ചിരുന്ന താടിക്കാരന്‍ കാട്ടറബി വന്ന് പറഞ്ഞു:

“റഫീക്ക്, ഇതാ നോക്കൂ, എന്റെ വണ്ടിയുടെ കണ്ടീഷന്‍ ഒന്ന് നോക്ക്...എല്ലാം പൊടി നിറഞ്ഞു, അപ് ഹോള്‍സ്റ്ററിയാകെ ചളിയായി, കാര്‍ബറെറ്റര്‍ ലീക്കായി, ബ്രേക്ക് പോയി- എല്ലാം കൂടി ഒരു വല്യ തുകയാകും. എല്ലാം നിന്റെ വണ്ടി കാരണം! കാശെത്രയുണ്ട് കൈയില്‍?“

25 കൊല്ലത്തെ ഗള്‍ഫ് എക്സ്പീരിയന്‍സ് കൈയിലിരുന്നിട്ടും ഡാഡാ സ്വയം ‘ഷേക്കാ‘കാന്‍ തുടങ്ങി.“കൈയില്‍ പണമൊന്നുമില്ല, ക്രെഡിറ്റ് കാര്‍ഡ് മാത്രം.“ ഒരുവിധം പറഞ്ഞൊപ്പിച്ചു.

“അപ്പോള്‍ ബീബിയുടെ കൈയിലോ?’

“അവളുടെ കൈയിലും കാര്‍ഡാണ്.“

“എന്നാല്‍ വാ‍, ഞങ്ങടെ കൂടെ. അടുത്ത പമ്പില്‍ ATM ഉണ്ടാവും. അവിടെനിന്നെടുത്ത് തന്നാല്‍ മതി”ജനവാസമുള്ള സ്ഥലത്തെത്താമല്ലോ, എന്നിട്ട് നോക്കാം എന്തു വേണമെന്ന് എന്നു വിചാരിച്ച് ഡാഡാ സമ്മതിച്ചു.

മോള്‍ അപ്പോഴും പറഞ്ഞു: “ഡാഡാ, പോലിസിനെ വിളി. ഇവര്‍ നമ്മെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നോക്കുകയാ”

ഡാഡാ പറഞ്ഞു: “മോളേ, ഷാര്‍ജാ പോലീസല്ലേ, ഒരു കാര്യവുമുണ്ടാവില്ല. അവര്‍ ബദ്ദുക്കളുടെ കൂടേയേ നില്‍ക്കൂ”

എന്തിനേറെ പറയുന്നു: പെട്രോള്‍ അടിച്ച് കൊടുത്ത വക: 134 ദിര്‍ഹം

പെപ്സി, സാന്‍ഡ് വിച്ച് - 18

ക്യാഷ് - 150

അതിനിടെ ഒന്നു ടെലഫോണ്‍ ചെയ്യണമെന്ന് പറഞ്ഞ് വാങ്ങിയ മൊബൈലില്‍ നിന്നും ക്രെഡിറ്റ് ആരുടേയോ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫെര്‍ ചെയ്ത്തത് 70

മൊത്തം ചിലവ്: 372

ടൈം വേസ്റ്റ്: 2മണിക്കൂര്‍, 25 മിനിറ്റ്.

പേടി, ഉത്ക്കണ്ഠ, ഉദ്വേഗം, സങ്കടം, പരവേശം, നിരാശ എന്നിവ FOC

-ഇതവരുടെ സ്ഥിരം പണിയാണെന്നത്രേ പിന്നീടുള്ള അന്വേഷണത്തില്‍ മനസ്സിലായത്. മണല്‍ നിറഞ്ഞ കുറെയേറെ ഗാപ് റോഡുകള്‍ ഷാര്‍ജയിലുണ്ട്, അതിലേയൊക്കെ ഇവര്‍ കറങ്ങിക്കൊണ്ടിരിക്കും. ഒരാളെ ഒത്ത് കിട്ടിയാല്‍ അന്നു കുശാല്‍!

-ഭാഗ്യത്തിന്ന് ശരീരത്തിനും മനസ്സിനും പറയത്തക്ക ക്ഷതങ്ങളോന്നും ഏല്‍ക്കാതെ തങ്ങള്‍ രക്ഷപ്പെട്ടല്ലോ എന്നു മകള്‍ ആശ്വസിക്കുന്നു.

ഒരു സംഭവം കൂടി:

സ്ഥലം: പഴയ ദുബായ് സിനിമയുടെ മുന്‍പില്‍ ജഷന്മല്‍ ഷോറൂം സ്ഥിതി ചെയ്തിരുന്ന ഏരിയ.

സമയം: ഉച്ചക്ക് 3 മണി.

പരിസരം: വിജനം.

എന്റെയൊരു കൂട്ടുകാരന്റെ ഓഫീസിലെ സ്റ്റാഫ് അതുവഴി നടന്നു വരുന്നു.പിന്നിലൂടെ ഒരു കാര്‍ ശബ്ദമില്ലാതെ അടുത്ത് വന്ന് ബ്രേക്കിടുന്നു.

“ഭായിജാന്‍, അബുധാബി ജാനെ കാ രസ്താ കിഥര്‍ ?”

“ദാ, ഈ റോഡ് തന്നെ.നേരെ കേറി സിഗ്നല്‍ കഴിഞ്ഞാ പിന്നെ സീധാ..’

“ഭായിജാന്‍, പെട്രോള്‍ തീര്‍ന്നൂ, ഒര് പത്ത് രൂപാ തരുമോ?”

കൈയില്‍ പൈസായൊന്നുമില്ലെന്നായി നമ്മുടെ നായകന്‍.

അപ്പോള്‍ അയാള്‍ സമീപനം മാറ്റി:“ദേഖോ ഭായി, ഞങ്ങള്‍ ആംനസ്റ്റിയില്‍ നാട്ടീ പോകാന്‍ വന്നവരാ. ഒരു ടിക്കറ്റെടുക്കാന്‍ എന്തെങ്കിലും ഒരു സഹായം......”

അപ്പോഴാണു വണ്ടിയില്‍ ഇനിയും മൂന്നുപേര്‍ കൂടി ഉള്ളതായി നമ്മുടെ നായകന്‍ കാണുന്നത്. മൂവരും ഉറങ്ങുന്ന പോല്വെ നടിച്ച് കണ്ണടച്ച് ചാരിക്കിടക്കുകയായിരുന്നത്രേ!

താന്‍ അവിടെ നില്‍ക്കയോ പഴ്സെടുക്കാന്‍ തുടങ്ങുകയോ ചെയ്തിരുന്നെങ്കില്‍ എല്ലാരും കൂടി ചാടി വീഴുമായിരുന്നെന്നും കൈയിള്ളതെല്ലാം കവര്‍ന്നെടുക്കുമായിരുന്നെന്നുമാണ് അയാളുടെ ഭാഷ്യം!

ഇനി:

കഴിഞ്ഞ മാസം നടന്ന, ന്യൂസ് പേപ്പറുകളില്‍ വന്ന, ഒരു സംഭവമുമാ‍യിക്കൂടി ചേര്‍ത്ത് ഇതിനെയെല്ലാം കാണുക.ഒരാള്‍ (എന്റെ മകന്റെ കൂട്ടുകാരന്റെ പപ്പായാണ് കക്ഷി) ബാങ്കില്‍ നിന്ന് പൈസയെടുത്ത് കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വിന്‍ഡോക്കരികെ വന്ന് ഒരാള്‍ പറയുന്നു: “ പിന്നിലെ ടയര്‍ പഞ്ചര്‍..”

കാറില്‍ നിന്നിറങ്ങി നോക്കുമ്പോഴേക്കും മറ്റൊരാ‍ള്‍ സീറ്റില്‍ വച്ച പൈസയുമായി ഓടുന്നു. ഭാഗ്യത്തിന് നല്ലൊരു ‘ചേസി’ന് ശേഷം നാട്ടുകാരുടെ സഹായത്തോടെ കള്ളനെ പിടികൂടി.

‘പപ്പാക്കിപ്പോഴും നല്ല സ്റ്റാമിനായാ...ഞാനാണെങ്കി പൈസ പോയത് തന്നെ” എന്ന് മകന്‍!

കൂട്ടരേ, എന്താണിവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്? മനസ്സിലാകുന്നില്ല!

ഒന്ന് മാത്രം പറയാം: അല്പം ശ്രദ്ധയോടെയൊക്കെ ജീവിക്കാന്‍ പഠിക്കുക.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ!

Tuesday, July 10, 2007

നമ്മുടെ സിരകളീലോടുന്നത് ചോരയോ ചാരായമോ?

ഏറെ നാളായി ഇതിനെപ്പറ്റി എഴുതണമെന്ന് വിചാ‍രിച്ചിട്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ടീവി തുറന്നാല്‍ കാണുന്ന ‘അശ്ലീല’ ദൃശ്യങ്ങള്‍ മനസ്സിനെ വല്ലാതെ മഥിക്കുന്നതു കൊണ്ടാണീ കുറിപ്പ്:

-പ്രൈവറ്റ് ബസ്സുകള്‍ 15 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കും എന്ന് പ്രഖ്യാപിക്കുന്നു. (അവരുടെ ഭാഗം ശരിയാണോ അല്ലയോ എന്ന് പിന്നെ ചിന്തിക്കാം; സര്‍ക്കാരവരെ ചര്‍ച്ചക്ക് വിളിച്ചിട്ടും ഉണ്ട്.) എന്നാല്‍ മിനിയാന്നും ഇന്നലെയുമായി KSU ക്കാരെന്ന പേരില്‍ കുറെ ഗുണ്ടകള്‍ കാട്ടിക്കൂട്ടുന്നതെന്താണു?

നേരെ ഓഫീസില്‍ ഓടിക്കയറുക, അവിടെയുള്ളതെല്ലാം തല്ലിത്തകര്‍ക്കുക, (പോലീസുകാരനെ ഒരു കൈ കൊണ്ട് തള്ളിമാറ്റിയാണ് മറ്റേ കൈ കൊണ്ട് തകര്‍ക്കല്‍ പ്രയോഗങ്ങള്‍...
‍..ഹാ‍ാഹാ‍ാ)

ഇതാണോ പ്രതിഷേധം?
ഇങ്ങനെയാണോ പ്രതിഷേധിക്കുക?

പ്രൈവറ്റ് ബസ്സുകാരോ?
ഇന്നലെ കോഴിക്കോടും എര്‍ണാകുളത്തും ഹര്‍ത്താല്‍ നടത്തി.
ഇന്ന് തൃശ്ശൂരും കണ്ണൂരും.
വലയുന്നത് പാവപ്പെട്ട ജനങ്ങളും, വിദ്യാര്‍ഥികളും, യാത്രക്കാരും.
അവര്‍ക്കെന്താ?

വിഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വച്ച് ഇതില്‍ പങ്കെടുത്തവരെ ജാമ്യമില്ലാവാറണ്ടില്‍
അറസ്റ്റ് ചെയ്ത് ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സെടുക്കാന്‍ വകുപ്പില്ലേ?

മുഴുവന്‍ നഷ്ടപരിഹാരവും ഇവരില്‍ നിന്ന് മാത്രം ഈടാക്കാന്‍ കഴിയില്ലേ?

KSU എന്ന മൃതസംഘടനയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ അക്രമസമരങ്ങളാണോ വഴി?

ബ്രഹ്മപുരം പ്രശ്നം പരിഹരിച്ച ശേഷം ഇന്നലെ യൂത്തന്മാരുടെ അവിടേക്കുള്ള മാര്‍ച്ച് കൌതുകകരമായി. അതേപോലെ ആളില്ലാ യുവമോര്‍ച്ച ഇന്നലെ സെക്രട്ടേറിയട്ടില്‍ പ്രകടനം നടത്തിയതെന്തിനെന്നോ: പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍!

അക്രമസമരങ്ങളുടെ ആശാന്മാര്‍ ഭരിക്കുമ്പോള്‍ ഇതൊക്കെത്തന്നേയേ പ്രതീക്ഷിക്കാവൂ, അല്ലേ? അറ്റ്ലീസ്റ്റ്, അവരുടെ അക്രമസമരമെങ്കിലും ഉണ്ടാവില്ലല്ലോ!

Monday, July 9, 2007

സീ പി ഐ യും കോണ്‍ഗ്രസ്സുമായി ടാറ്റായുടെ ഗൂഢാലോചന

മാധ്യമത്തിലെ ഈ വാര്‍ത്ത താത്പര്യമുള്ളവര്‍ക്ക് വാ‍യിക്കാം.


http://www.madhyamamonline.com/fullstory.asp?nid=40380&id=4

Saturday, June 2, 2007

ടാറ്റായെ തൊട്ട് കളിച്ചാല്‍.....

ടാറ്റായെ തൊട്ടാല്‍ സീ പി ഐ ക്ക് നോവുമോ?


- ഇസ്മായിലും പന്ന്യനും മൂന്നാറില്‍ ഓടിയെത്തി ഇന്നലെ നടത്തിയ നാടകം ആര്‍ക്കുവേണ്ടിയായിരുന്നു?

- പര്‍ട്ടി ഓഫീസിന്റെ മതില്‍ പൊളിച്ച് 18 ദിവസം കഴിഞ്ഞ ശേഷം “മീശക്കാരനും കോട്ടുകാരനും“ എന്തും ചെയ്യാനുള്ള അവകാശം കൊടുത്തിട്ടില്ല എന്ന് ആക്രോശിക്കുന്നതെന്തിന്? ( സ്വന്തം മന്ത്രിമാര്‍ക്കെതിരെയാണിതെന്നവര്‍ക്കറിയാതെയല്ലല്ലോ?)

--ജനയുഗം പത്രത്തിന് മൂന്നാറില്‍ നിന്ന് 100 ലക്ഷം (ടാറ്റായില്‍ നിന്നു) പിരിച്ചു എന്നു ജോണ്‍ പെരുവന്താനം പറയുമ്പോള്‍ മറുപടി പറയാത്തതെന്താണു?

ഇതേസമയം:

-ഡിഫി ഗുരുവായൂരേക്ക് നമ്മുടെ ശ്രദ്ധ തിരിപ്പിക്കാന്‍ ശ്രദ്ധിക്കുന്നതെന്തിനാകാം?

-കൈരളിയും ദേശാഭിമാനിയും വീരേന്ദ്രകുമാറിന്റെ കൈയേറ്റത്തിന്റെ പിന്നാലെ കൂടിയിരിക്കുന്നതെന്തിനാണ്?(ഇപ്പോള്‍ മനോരമക്കെതിരേയും.)

-മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ച രാജീവിനെ ഉടനടി സസ്പെന്റ് ചെയ്ത് വാര്‍ത്താ‍മൂല്യം സൃഷ്ടിക്കുന്നതെന്തിനാണ്?

-ഒരാവശ്യവുമില്ലാതെ, തിരുവിതാംകൂര്‍ ദേവസ്വത്തിലെ കലഹം ഒരു വന്‍ വാര്‍ത്തയാക്കുന്നതെന്തിനു?

ആരൊക്കേയൊ എന്തൊക്കേയോ മറയ്ക്കാന്‍, ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമല്ലേ ഇതൊക്കേ?

എന്തായാലും ഇന്നത്തെ പ്രധാന വാര്‍ത്ത ആശ്വാസം തരുന്നതാണ്:

മൂന്നാര്‍ നടപടി തുടരാന്‍ സുരേഷ്കുമാറിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം!

Saturday, March 24, 2007

ഞങ്ങളെ തല്ലണ്ടമ്മാവാ..(അല്ലെങ്കില്‍തന്നെ തല്ലാന്‍ അമ്മാവന്‍ ആരാ?

ഇന്നലെ രാത്രി മുഴുവന്‍ ഇരുന്ന് ആസ്ട്രേലിയ-സൌത്ത് ആഫ്രിക്ക മാച്ച് കണ്ടു. അണൊഫിഷ്യല്‍ ഫൈനല്‍ എ‍ന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത മത്സരം ആദ്യന്തം ജീവസ്സുറ്റത് തന്നെയായിരുന്നു. താരതമ്യേന ജൂനിയര്‍ ആയിരുന്ന ഗ്രേയം സ്മിത്തിനെ ക്യാപ്റ്റനാക്കിയപ്പൊള്‍ മുറുമുറുത്തവര്‍ ഇന്നലത്തെ അദ്ദേഹത്തിന്റെ ലീഡര്‍ഷിപ് ക്വാളിറ്റിയും അഗ്രസ്സിവ് ബാറ്റിംഗും കാണേണ്ടതു തന്നെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ 83 റ
ണ്‍‍സിനു തോറ്റെങ്കിലും എത്ര ‘ലൈവ്‌ലി’യായിരുന്നെന്നോ മത്സരം!

ഇന്‍ഡ്യയിലെ ക്രിക്കറ്റ് തമ്പുരാക്കന്മാര്‍ (Cricket is our religion, Sachin is our God എന്ന ബാനര്‍, World cup special albums, various super promotions എന്നിവ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?) വെറും കടലാസുപുലികള്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അവരെ ശിക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നവരോ: പണവും സ്വാധീനവും പാര്‍ട്ടിയും സ്വന്തവുമൊക്കെ നോക്കി മാത്രം ടീം സെലക്റ്റ് ചെയ്യുന്ന രാഷ്ടീയക്കോമരങ്ങളും!

ഭാരതത്തിന്റെ അഭിമാനമായിരുന്ന ഹോക്കി നശിപ്പിച്ച അതേ Political coterie ഇന്നിപ്പോള്‍ അതേ 'modus operandi" യില്‍ അതേ ആയുധങ്ങളാല്‍ ക്രിക്കറ്റും നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

കേള്‍ക്കൂ:

‘പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമെന്ന് ശരദ് പവാര്‍.“
- ചാപ്പല്‍ പൊക്കിക്കൊണ്ടുവന്ന പുതുമുഖങ്ങള്‍ ഇപ്പോഴെവിടെ?
“ചാപ്പലിണ്ടെ കോണ്ട്രാക്റ്റ് പുതുക്കില്ലത്രെ! “
-ഓ, കുരുതിക്കൊരു ബലിമൃഗം വേണമല്ലോ? ചാപ്പല്‍ പറയുന്നത് കേല്‍ക്കാന്‍ ഇവരാരെങ്കിലും എപ്പോഴെങ്കിലും മനസ്സു വയ്ച്ചിരുന്നൊ?
“നാം സൂപര്‍ 8-ല്‍ എത്താന്‍ യോഗ്യരല്ല- ദ്രാവിഡ്”
-സേവാഗിനേയും കുംബ്ലെയേയും ടീമില്‍ നിലനിറുത്താന്‍ വാശി പിടിച്ചപ്പോള്‍ മനസ്സില്‍ എന്തായിരുന്നു?
-സചിനേയും അഗാര്‍ക്കറേയും റ്റീമില്‍ കുത്തിക്കേറ്റിയ മുംബായ് ലോബ്ബിയും ബിസിനസ്സ് ലോബ്ബിയുമെന്തേ മിണ്ടാത്തേ?
-പല്ലുപോയ ബംഗാള്‍ കടുവാ ഗാംഗുഭായ്‌യെ കുത്തിക്കേറ്റിയ കമ്മ്യൂണിസ്റ്റ് ലോബ്ബിയോ?

ബൌണ്ടറിയില്‍ നിന്നൊരു ‘ത്രോ’ വരുമ്പോള്‍ ഒഴിഞ്ഞുമ്മാറുന്ന ഭാജി പ്രാചിയെ നാം എന്നും കാണുന്നതല്ലേ?
ഫീള്‍ഡിംഗ് നടത്തുന്ന പണ്ടത്തെ ‘എവറെഡി’യുവരാജിനെ അടുത്തെങ്ങാനും കണ്ടവരുണ്ടോ?


നമുക്കീ അതിരു കവിഞ്ഞ ആഘോഷങ്ങളൊക്കെ ഒന്നു നിര്‍ത്തേണ്ട കാലമായെന്ന് തോന്നുന്നില്ലേ? കേരളത്തീന്നൊരുത്തന്‍ ടീമിലെത്തിയപ്പോഴേക്കും നാം കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ എന്തൊക്കെയായിരുന്നു? ന്യൂസ് പേപ്പറുകള്‍, വീക്കിലികള്‍, പെണ്‍ മാസികകള്‍ എല്ലാം നിറയെ മൊബൈലേന്തിയ പയ്യനും പയ്യന്റെ ഫാമിലിയും കൂട്ടുകാരും അയള്‍ക്കാരും! (ഇവിടെ സാന്‍ഡോസിനെ ഞാന്‍ നന്ദിപൂര്‍വം സ്മരിക്കുന്നു!)

ഇന്നലെ:

നിര്‍ഭാഗ്യകരമായി സ്മിത്ത് retired hurt ആയില്ലെങ്കില്‍, വാട്സന്റെ ബൌണ്ടറിയില്‍ നിന്നുള്ള direct hit വഴി ഡിവില്ലിയേര്‍സ് runout ആയില്ലെങ്കില്‍.....എത്ര ആവേശകരമായ ഒരു അന്ത്യമാണുണ്ടാകുമായിരുന്നത്!!

ഇവിടെ ഞാന്‍ നിര്‍ത്തുന്നു: ഇനി നിങ്ങള്‍ ഏറ്റെടുത്തോളൂ- ദില്‍ഭാ, പൂയ്......