Wednesday, March 5, 2008

ഇന്ന് കാലത്ത്.....

വൈകുന്നേരങ്ങളില്‍ പതിവായുള്ള നടത്തത്തിനു തൈയാറെടുക്കുമ്പോഴാണവര്‍ കയറി വന്നത്‌.
- സൌന്ദര്യവും കുലീനത്വവുമുള്ള ഒരു സ്ത്രീയും രണ്ട്‌ കുട്ടികളും.


"ഹലൊ മാളവിക“: മോനും മോളും കൂടി മൂത്ത കുട്ടിയെ ഹൈജാക്ക് ചെയ്ത് അവരുടെ മുറിയിലേക്ക് പറന്നു; പുതിയ കമ്പ്യൂട്ടര്‍ ഗെയിം കാണിച്ച്‌ കൊടുക്കാനുള്ള ധൃതി!


"മനുവെവിടെ?" ഇളയ കുട്ടിയെ വാങ്ങി സോഫയില്‍ കിടത്തുമ്പോള്‍ എന്റെ വാമഭാഗത്തിന്റെ സ്നേഹം കലര്‍ന്ന അന്വേഷണം.
"മഞ്ചേട്ടന്‍ വണ്ടി പാര്‍ക്ക്‌ ചെയ്യുകയായിരിക്കും": മിസ്സിസ്‌ ജീ.മനു മൊഴിഞ്ഞു.


-ഒരു ചപ്പടാച്ചി സ്കൂട്ടര്‍ പാര്‍ക്ക്‌ ചെയ്യാന്‍ ഇത് വരെ സ്ഥലം കിട്ടിയില്ലെന്നോ എന്ന് മനസ്സിലോര്‍ത്തു, ഞാന്‍.


“വല്ല പഴയ പരിചയക്കാരിയേയും കണ്ടപ്പോള്‍ കവിതയും പാടി പിന്നാലെ കൂടിക്കാണും!“ :ഭാര്യ തന്റെ ബ്ലോഗ് വിജ്ഞാ‍നം വിളമ്പാന്‍ സമയം കണ്ടെത്തി.

“അല്ല, മോള്‍ടെ പനി മാറിയില്ലേ?“: ഇളയ കുഞ്ഞിന്റെ നെറ്റിയില്‍ കൈവച്ച്‌ കൊണ്ട്‌ ചോദിച്ചു, ഞാന്‍.

"അത്‌ വന്നും പോയും ഇരിക്കും. ചിലപ്പോ രാത്രിയില്‍ നന്നായി പനിക്കും. നേരം വെളുത്ത്‌ നോക്കുമ്പൊ ഒന്നുമില്ല"

"അങ്ങനെ വച്ച്‌ കൊണ്ടിരിക്കരുത്. ഏത്‌ ഡോക്റ്ററേയാ കാണിക്കുന്നേ? നമുക്ക്‌ റഫയിലെ ഡോ.സയ്യെദിന്റെ അരികെ കൊണ്ട്‌ പോയാലോ? എന്റെ പഴേ ഒരു ഫ്രണ്ടാ“

“അതിനു മഞ്ചേട്ടനെ ഒഴിവായി ഒന്ന് കിട്ടണ്ടേ? ബ്ലോഗിനും ഫോണ്‍ കോളുകള്‍ക്കുമിടയില്‍ ഇടവേളകള്‍ വിരളം!"


കോളിംഗ്‌ ബെല്ലടിടിക്കുന്നത് കേട്ടപ്പോള്‍ ഭാര്യ കുഞ്ഞിനേയും മിസ്സിസ്‌ മനുവിനേയും കുട്ടി ബെഡ്‌ റൂമിലേക്ക്‌ നടന്നു.


- വാതില്‍ തുറന്നപ്പോള്‍ മനുവിനുപകരം മുന്നില്‍ മൂന്ന് തടിമാടന്മാര്‍.
ഒരാളെ ഞാന്‍ തിരിച്ചറിഞ്ഞു: വല്യമ്മാന്റെ മോന്‍ കള്ള്‌ ഗോപി. മറ്റേത്‌ സഹകുടിയന്മാരാകും; കപ്പടാ മീശയും തലേക്കെട്ടും ഉപ്പന്റെ കണ്ണുകളും.


പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയത്‌. ഞാന്‍ നില്‍ക്കുന്നത്‌ ദുബായിലുള്ള എന്റെ ഫ്ലാറ്റിലല്ലാ, കൊടുങ്ങല്ലൂരുള്ള അമ്മ വീടിന്റെ ഗേറ്റിനു സമീപം. ഓട്‌ മേഞ്ഞ വലിയ നാലുകെട്ട് പിന്നില്‍. പേടിച്ചരണ്ട അമ്മായിയും മക്കളും നടപ്പുരയുടെ കല്‍ത്തൂണ്‍ മറഞ്ഞ്.


"മോനേ, അവനോട്‌ സംസാരിക്കാന്‍ നില്‍ക്കാണ്ട് ഇങ്ങ്‌ പോരേ": അമ്മായി വിളിച്ച്‌ പറഞ്ഞു.


തറവാട്‌ വീതം വച്ച്‌ വാങ്ങി വിറ്റ്, ആ കാശ് മുഴുവനും കള്ള്‌ കുടിച്ച്‌ തീര്‍ത്ത ശേഷം വീണ്ടും വഴക്കുണ്ടാക്കാന്‍ വന്നിരിക്കയാ ഗോപിയേട്ടന്‍.

"ഞങ്ങളീ കളപ്പുരയില്‍ താമസിക്കാന്‍ പോവുകയാന്ന് പറഞ്ഞേക്ക്‌ നിന്റെ അമ്മാവനോട്‌‘’: ഗോപിയേട്ടന്‍ മുന്നോട്ട്‌ നീങ്ങി.

“പറ്റില്ല", രണ്ട്‌ കൈയും വിടര്‍ത്തി അവരുടെ വഴി തടഞ്ഞുകൊണ്ട് ഞാനും മുന്നോട്ട് നടന്നു.


പെട്ടെന്ന് കൈയിലിരുന്ന മദ്യക്കുപ്പിയുയര്‍ത്തി എന്റെ തല ലക്ഷ്‌യമാക്കി ആഞ്ഞ് വീശി, ഗോപിയേട്ടന്‍.

“അയ്യോ...”

"ആരാദ്യം പറയും,
ആരാദ്യം പറയും,
പറയാതിനി വയ്യാ,
പറയാനും വയ്യാ....'


ആരോ ഉറക്കെ പാടുന്നൂ.
എവിടെയാണ് ഞാന്‍?
ബദ്ധപ്പെട്ട്‌ കണ്ണുകള്‍ തുറന്നു.

-ഞാനിവിടെ എന്റെ കിടക്കയിലല്ലേ?
അപ്പോള്‍ പാട്ട്.......
എഫ്ഫെം റേഡിയോയില്‍ അലാറം ഓണാ‍യതായിരുന്നു.
സമയം 8 എ.എം.

കിടക്കയില്‍ തപ്പി; ഭാര്യ എപ്പോഴൊ എണീറ്റിരിക്കുന്നു.
അടുക്കളയില്‍ തട്ടും മുട്ടും കേള്‍ക്കാം.

ഇനി പല്ല് തേപ്പ്‌, കുളി, ബാത്ത്‌ റൂമില്‍ വിസ്തരിച്ചിരുന്നുള്ള പത്രവായന....

- 10 മണിക്ക്‌ ഇന്നും ഓഫീസിലെത്താനാവില്ലല്ലോ, ദൈവമേ!

17 comments:

kaithamullu : കൈതമുള്ള് said...

ഒരു വിസയൊത്ത് വരുന്നൂ, 28 ന് ബൂലോഗമീറ്റില്‍ കാണാമെന്നുള്ള മനുവിന്റെ ഭീഷണി മൂലമോ അതൊ മനുവിന്റെ എഴുത്തിനോടുള്ള എന്റെ അസൂയ മൂലമോ എന്നറിയില്ല ഇങ്ങനെയൊര് സ്വപ്നം കണ്ടത്.

ആദ്യായാ ഒരു സ്വപ്നം ഇത്ര വ്യക്തമായി ഓര്‍മ്മ നില്‍ക്കുന്നതും.

-മുന്‍‌കൂറ് ജാമ്യാപേക്ഷയോടെ.....

മുസാഫിര്‍ said...

എങ്ങനെ പ്രാര്‍ത്ഥിച്ചു കിടന്നാലാണ് ഇത്തരം സ്വപ്നങ്ങള്‍ കാണുക ശശിയേട്ടാ ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇന്നലെയൊരു ഫോണ്‍ വന്നു. മനുച്ചേട്ടന്റെ, കൂടുതലു സംസാരിച്ചാ നമ്മളെ മൂപ്പരുടെ പോസ്റ്റിലേക്കാവാഹിച്ചാലോന്ന് വച്ച് പെട്ടന്ന് നിര്‍ത്തി.

ഇനിപ്പോ സ്വപ്നം വഴിയും വരുമോ?

കുട്ടന്‍മേനൊന്‍ said...

ബ്ലോഗ് ഒരു മനുഷ്യനെ എവിടെ വരെ എത്തിക്കാമെന്നതിന്റെ ഉത്തമോദാഹരണം. !!!
:)

ആഗ്നേയ said...

സഹധര്‍മ്മിണി ഉറങ്ങാന്‍ നേരം ഗുളിക തന്നില്ലാരുന്നോ കൈതേട്ടാ ;)
എന്താ സ്വപ്നം!

ജ | യേ | ഷ് said...

മാഷേ....ഒന്നൊന്നര സ്വപ്നം തന്നെ....

G.manu said...

കൈതേട്ടാ.. ഈ സ്വപ്നത്തില്‍ ഞാനെങ്ങനെ വന്നു പെട്ടു.. ഛെടാ ഒരു പിടിയും കിട്ടുന്നില്ലല്ലോ

എന്നാലും ഒരു ചായ തരാതെ സ്വപ്നം അവസാനിപ്പിച്ചതില്‍ ഞാന്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു

:)

സ്വപ്നത്തിലെങ്കിലുമുണ്ടല്ലോ ഞാന്‍ നിന്റെ
സ്വര്‍ഗ്ഗവാടത്തിന്നരികിലില്ലെങ്കിലും
വെറുക്കുവാനെങ്കിലും ഓര്‍ക്കുന്നുവല്ലോ നീ
മറക്കില്ലൊരിക്കലും നീ തന്ന പൂവുകള്‍.......

ശ്രീ said...

കൊള്ളാം മാഷേ... നല്ല സ്വപ്നം.

മനുവേട്ടന് വന്നിട്ടെവിടെ പോയിരിയ്ക്കും?
;)

Anonymous said...

സ്വപ്നം ആണെന്നു തോന്നുന്നില്ല .. എന്തൊരു റിയാലിറ്റി. മനു മാഷാരാ.. സ്വപ്നലോകത്തെ രാജകുമാരനോ .. :)

ചന്ദ്രകാന്തം said...

ഹൗ! ഈ സ്വപ്നത്തിലെ, "എട്ടുമണിക്ക്‌ എണീക്കുക, പത്തു മണിക്ക്‌ ഓഫീസില്‍ പോകുക" തുടങ്ങിയ പ്രസ്താവനകള്‍ മനസ്സിലെ അസൂയയുടെ മൂര്‍ച്ച കൂട്ടുന്നു.
ഏതായാലും മനുവിന്റെ "ഭീഷണി" പ്രാവര്‍ത്തികമാവാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

ശ്രീയുടെ സംശയം...എനിയ്ക്കും തോന്നീല്ലേ..ന്നൊരു സംശയം..

അല്ഫോന്‍സക്കുട്ടി said...

പ്രാര്‍ത്ഥന എത്തിച്ചിട്ടു കിടക്കു, പേടിപ്പിക്കുന്ന സ്വപ്നമൊന്നും കാണില്ല

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതേയ് കൈതൂ, ഇന്നു പോയി ആ സ്വപ്നത്തി റ്റെ ബാക്കി കാണ്. മനുച്ചേട്ടന്‍ ദേ അപ്പറത്തെ വീട്ടിലെ ഒരു കിളിയെ കൊത്തിക്കൊണ്ടിരിക്കാ.
വെറുതല്ലാ ആളു മുങ്ങീത്...

ചുമ്മാ കണ്ണു മിഴിക്കാതെ പോയ് ബാക്കി കാണൂ

തോന്ന്യാസി said...

കൈതേട്ടാ സൂക്ഷിച്ചോളൂ, പുലര്‍കാലത്തെ സ്വപ്നം അറം പറ്റുമെന്നാ പ്രമാണം.........

പ്രിയേച്ചിയുടെ വിശദീകരണത്തോടെ ശ്രീയുടെയും,ചന്ദ്രകാന്തത്തിന്റെയും സംശയങ്ങള്‍ക്ക് അറുതിയായെന്നു പ്രതീക്ഷിക്കട്ടെ.......

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കൈതമുള്ളേട്ടാ ക്യാ ബാത്ത് ഹേയ്!
ബഹുത്ത് കൂബ് സൂരത്ത് സപ്‌നേ ഹേയ്..!
മനൂ & ഫാമിലിയ്ക്ക് വിസയും ടിക്കറ്റുമില്ലാതെ കിനാവിന്‍ ചിറകിലേറിയെങ്കിലും ദുബായില്‍ വരാനും ശശിയേട്ടന്‍സ് ഫാമിലിയെ കാണാനും ഒത്തല്ലോ, അതാണ്‌ സപ്‌നേ..!

kaithamullu : കൈതമുള്ള് said...

മുസാഫിര്‍,
ഇക്കാര്യം കുറുവിനോട് ചോദിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. മൂപ്പരല്ലേ ഇന്നാള്‍ രാത്രി ഒരു ‘വെപ്പുകാരി’ മറുതയെ (ദേവതയല്ല, ആടിനെ ബലിയായി സ്വീകരിക്കുന്ന കാളി എവിടെയാ?)സ്വപ്നത്തില്‍ ആവാഹിച്ച് വരുത്തി ‘കുറുകറി’യുടെ ‘വിധി’ അടിച്ചെടുത്തത്?

ഒരു വോഡ്കയടിച്ചാ ഞാനന്ന് രാത്രി ഉറങ്ങാന്‍ കിടന്നത്. അത് വേണമെങ്കില്‍ പരീക്ഷിച്ച് നോക്കിക്കോളൂ!

കുട്ടിയല്ലാത്ത ചാത്താ,
സൂക്ഷിച്ചോ...ആക്രമണം പലരൂപത്തിലും വന്നാകാം.

മേന്‍‌ന്നേ,
മദ്യവും മയക്കുമരുന്നും, അല്ലെങ്കില്‍, പണവും അധികാരവും മനുഷ്യനെ എവിടെവരെ കൊണ്ടെത്തിക്കും....ആ‍ സ്റ്റൈലിലാ കമെന്റ്. (പിന്നെ അല്പം മയത്തിലും വായിച്ച് നോക്കാം)

ആഗ്നേ,
ഭാര്യക്ക് ഗുളിക കൊടുത്ത് ഉറക്കിയിട്ടാ ഞാനിത് പോലത്തെ സ്വപ്നങ്ങള്‍ കാണാന്‍ തയ്യാറെടുക്കാറ്...പക്ഷെ ഈ സ്വപനം...ച്ഛേ!

ജയേഷ്,
ശരിക്കും രണ്ട് സ്വപ്നങ്ങളാ, അല്ലേ?

മനൂ,
-സ്വപ്നത്തിലെങ്കിലുമുണ്ടല്ലോ ഞാന്‍ നിന്റെ..
വിലാപകാവ്യം ഇഷ്ടായി.പിന്നെ,‍ അകത്ത് വന്നാലല്ലേ ചായ തരാന്‍ പറ്റൂ? ഭൌമിയോട് ചോദിക്ക് എന്തൊക്കെ കഴിച്ചെന്ന്?

ശ്രീ,
മനുവേട്ടന്‍ പോയ വഴി പ്രിയ കണ്ട് പിടിച്ചിരിക്കുന്നൂ.

ഭദ്രേ,
സ്വപ്നലോകത്തെ ബാലഭാസ്കരന്‍!( സ്ലീപ് വാക്കിംഗ് ഉണ്ടോ എന്ന് കൂടി ചെക്ക് ചെയ്യണം)

ചന്ദ്രകാന്തേ,
(മുഴുവന്‍ പേരുമെഴുതിയാ വിളിച്ചിരിക്കുന്നേ, ട്ടാ)
ഇന്നലെ രാത്രി കോണ്‍കോഡില് സിനിമ കണ്ട് വന്നപ്പോ (അനിലേ, നിന്നെ പിന്നെ കണ്ടോളാം!) നേരം വൈകി. 11 മണിക്കാ ഓഫീസിലെത്തിയേ...

അല്പൂ,
(അല്‍ഫോണ്‍സ പുണ്യാളത്തീ ന്ന് വായിച്ചോണം)
വായിക്കാന്‍ എപ്പോ ബൈബിള്‍ കൈയിലെടുത്താലും പഴേ നിയമാ കൈയി തടയുക.
-ഇതൊരു രോഗമാണോ ഡോക്റ്റര്‍?

പ്രിയാ,
ഇന്നലേം കണ്ടു ഒരു സ്വപ്നം. പക്ഷെ മനു ഉണ്ടായിരുന്നില്ല, തീര്‍ച്ച.
ഇനി ആ കിളിയോട് ഒന്ന് ചോദിച്ച് നോക്കിയാലോ?

തോന്ന്യാസി,
അറം പറ്റാന്‍ പ്രാര്‍ഥിക്കുന്നു.
മനുവിന്റെ അഭാവം അനുഭവപ്പെടുന്നില്ലേ ആര്‍ക്കും ഇവിടെ?

ഏറനാടാ,
സ്വപ്നത്തിലല്ലാതെ പറന്ന് എന്നാ ദുബായില്‍? വാ...

-എല്ലാര്‍ക്കുംകൂടി ഒരു കൂട്ട നന്ദി!

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

മുരളീകൃഷ്ണ മാലോത്ത്‌ said...

മാഷേ....ഒന്നൊന്നര സ്വപ്നം തന്നെ....