Monday, January 8, 2007

ഒരു കഥയുടെ കഥ


ഒരു കഥയുടെ കഥ

ക്രൈസ്റ്റ് കോളേജില്‍ ഫൈനല്‍ ഇയര്‍.
ക്ലാസ് കട്ട് മെയിന്‍ ഹോബിയാക്കിയിരുന്ന കാലം.
വെള്ളിയാഴ്ച ഒഴിച്ച് (അന്നാണല്ലോ പുതിയ പടം റിലീസ്)ബാക്കി മിക്ക ദിവസങ്ങളിലും ഉച്ച തിരിഞ്ഞാല്‍ സച്ചിസാറിന്റെ (കവി സച്ചിദാനന്ദന്‍)പാടത്തിന്‍ കരയിലുള്ള വാടകവീട്ടില്‍ സദിര്.
ടോപിക്സ്: നക്സലിസത്തിന്റെ അപചയങ്ങള്‍, നവീന മലയാളകവികളും നിരൂപകരും ഇത്യാദി.

അവിടെ വച്ചാണവളെ പരിചയപ്പെട്ടത്.
ഒരു അള്‍ട്രാ മോഡേണ്‍ എലുമ്പി.
ഞാനാണെങ്കില്‍ ‘അറിയപ്പെടുന്ന‘ ഒരു കഥാകൃത്ത്. (കുങ്കുമത്തില്‍ ഒരു കഥ പ്രസിദ്ധീകരിച്ച ഖ്യാതിയുടെ കുതിരപ്പുറമേറി...)
വളച്ചു കെട്ടാതെ കാര്യത്തിലേക്ക്:
ഒരു ദിവസം നമ്രമുഖിയായി പ്രേമപൂര്‍വം, ഒരു കടലാസുകെട്ട് എന്റെ കയ്യില്‍ തന്നുകൊണ്ടവള്‍ പറഞ്ഞു: ‘എന്റെ ഒരു കഥയാ, ഒന്നു കറക്റ്റ് ചെയ്ത് തരാമോ?’
തലക്കനത്തിനിനിയെന്തു വേണം?

അന്നു തന്നെ ഊണും ഉറക്കവുമുപേക്ഷിച്ച് തുടങ്ങി ‘ഓപെറേഷന്‍ വെട്ടിനിരത്തല്‍‘.
തുടക്കം കഥയുടെ പേരില്‍ നിന്നു തന്നെ ...... വാക്കു വാക്കായി, വരി വരിയായി....
അവസാനം വായിച്ചു നോ‍ക്കി.
കൊള്ളാം, കലക്കന്‍ സാധനം.പക്ഷേ, അവളെഴുതിയ കഥയെവിടെ, ഈ കഥയെവിടെ? രണ്ടും തമ്മില്‍ അജഗജാന്തരം കഴിഞ്ഞ് വ്യത്യാസം ബാക്കി കിടക്കുന്നു.
രണ്ടാം വായനയും മൂന്നാം വായനയും പിന്നിട്ടപ്പോള്‍ തോന്നി:‘ഈ കഥ ഞാനെന്തിനവള്‍ക്കു തിരിച്ചു കൊടുക്കണം? ഇതിപ്പോള്‍ എന്റെ കഥയല്ലേ?‘

- അന്നു തന്നെ കഥ ഞാന്‍ കുങ്കുമത്തിനയച്ചുകൊടുത്തു.
( പ്രസിദ്ധികരിക്കാതെ തിരിച്ചു വന്ന ആ കഥ -സ്റ്റാമ്പൊട്ടിച്ച കവറുകള്‍ പലതും പിന്നിട്ട്- ഒല്ലൂര്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ച്, വാര്‍ഷികം പോലും കാണാതെ അകാല ചരമമടഞ്ഞ ഒരു മാസികയില്‍ പിന്നീട് വെളിച്ചം കണ്ടു)

പക്ഷേ അതല്ലല്ലോ പ്രശ്നം:
അവളെ എങ്ങനെ അഭിമുഖീകരിക്കും?
-വളരെ കാലത്തെ ‘ഒളിച്ചേ കണ്ടേ‘ കളികള്‍ക്കു ശേഷം ഒരു നാള്‍ പിടിക്കപ്പെട്ടപ്പോള്‍ വളരെ കൂള്‍ ആയി, ‍ അല്പവും മനസ്സാക്ഷിക്കുത്തില്ലാതെ, പറഞ്ഞു: ‘ആ കഥ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി കറക്റ്റ് ചെയ്തതായിരുന്നു, ഞാന്‍.‍ പക്ഷേ രണ്ടു ദിവസമായി‍ കാണാനില്ലാ, ബസ്സില്‍ വച്ചു കളഞ്ഞു പോയതാകാം സോദരീ‘.

എന്നിട്ട് മനസ്സില്‍ ഓര്‍ത്തു: കുങ്കുമത്തില്‍ കഥ വരുമ്പോള്‍ അവള്‍ വായിച്ചാലോ? ഓ, കുഴപ്പമില്ല, പ്രസിദ്ധീകരിക്കുന്ന കഥ അവളുടേതല്ലല്ലോ, എന്റേതല്ലേ?

6 comments:

Kaithamullu said...

ഒരിക്കല്‍ കമന്റായി ഇട്ടതാണ് ഈ സംഭവം.
പിന്നെ തോന്നി ഒന്നു മോഡിഫൈ ചെയ്ത് പോസ്റ്റാമെന്ന്.
വായിച്ചവര്‍ ക്ഷെമീ....

സു | Su said...

പറഞ്ഞത് നന്നായി. ഇനി കഥയെന്നും കവിതയെന്നും പറഞ്ഞ് ഒരു കടലാസ്സും കൈതമുള്ളിനെ ഞാന്‍ ഏല്‍പ്പിക്കില്ല. ;)

Kaithamullu said...

സൂ,
ഈ സംഭവം പോസ്റ്റിയത് സ്വയംക്രൃതാനര്‍ഥമായോ?
അല്ലാ, പണ്ട് സൂ ഇരിങ്ങാലക്കുടയിലാണോ പഠിച്ചത്?

Typist | എഴുത്തുകാരി said...

പരിപാടി കൊള്ളാമല്ലോ മാഷെ. എത്ര
പാടുപെട്ടു എഴുതിയതാ ഞാനതു്.

എഴുത്തുകാരി.

വിചാരം said...

കല മോഷ്ടിച്ചാല്‍ മോഷണമാവോ?
മോഷണം ഒരു കല തന്നെയല്ലേ ?
മോഷ്ടാക്കളെല്ലാം കലാക്കാരന്‍‍മാരാണോ?
കലാക്കാരെല്ലാം മോഷ്ടാക്കളാണോ ?
.......................
വെറുമൊരു മോഷ്ടാവായ കൈതമുള്ളിനെ കള്ളനെന്ന് വിളിക്കാമോ ?
( ഞാന്‍ ഓടി.... ഞാന്‍ ഈ നാട്ടുക്കാരന്‍ അല്ലേ..)

Kaithamullu said...

വിചാരംസ്,
വിചാരണ ചെയ്യാന്‍ ഇതാ പിന്നാലെ.....
തോമസ്കുട്ടീ, വിട്ടോ....ടാ....!